FLASH NEWS

സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു...

Sunday 24 August 2014

ഭാരതത്തിന്റെ 68-മത് സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനറാലിയില്‍ നിന്ന്

             ഭാരതീയര്‍ സ്വതന്ത്രഇന്ത്യയുടെ 68മത് സ്വാതന്ത്ര്യദിനത്തിന്റെ മധുരലഹരിയിലാണ്. സ്വാതന്ത്ര്യം നേടി വര്‍ഷമിത്രകഴിഞ്ഞിട്ടും ഭാരതത്തിന്റെ പല കോണുകളിലെയും ജനങ്ങള്‍ ഇന്നും അടിമത്വത്തിന്റെ ചങ്ങലകള്‍ക്കുള്ളിലാണ്. അന്തിയാകുവോളം പണിയെടുത്താല്‍ പോലും അര്‍ഹമായ കൂലി ലഭിക്കാത്ത, സ്വന്തം അഭിപ്രായം പോലും രേഖപ്പെടുത്താന്‍ കഴിയാത്ത,സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത ഒരു ജനതയെ ഭാരതത്തിലുടനീളം നമുക്ക് കാണാന്‍ കഴിയും. ഗാന്ധിജി ഇങ്ങെനെയൊരു ഭാരതത്തിനു വേണ്ടിയായിരുന്നുവോ ബ്രിട്ടീഷുകാരോട് പോരാടിയത്? ചിന്തിക്കേണ്ടിയിരിക്കുന്നു. 
              ആഗസ്ത് 15ന് രാവിലെ 9മണിക്ക് ബിജുമാസ്റ്റര്‍ പതാകയുയര്‍ത്തി. സുനന്ദടീച്ചര്‍ സ്വാതന്ത്രദിനസന്ദേശം കൈമാറി. തുടര്‍ന്ന് നടന്ന റാലിയില്‍ സ്കൂള്‍ കുട്ടികള്‍, അംഗന്‍വാടികുട്ടികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുപരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജെയിംസ് ഉദ്ഘാടനം ചെയ്തു. സജി ജോര്‍ജ്ജ്(പി ടി എ പ്രസിഡന്റ് ), കെ ഗോവിന്ദന്‍(യുവശക്തി പബ്ലിക്ക് ലൈബ്രറി ആയന്നൂര്‍)തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുപരിപാടിക്ക് ശേഷം കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം എന്നിവ നടന്നു. തുടര്‍ന്ന് പായസവിതരണം നടത്തി.

Friday 22 August 2014

ജൂണ്‍ 5 പരിസ്ഥിതിദിനാചരണം



പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി രാവിലെ അധ്യാപകരും കുട്ടികളും പരിസ്ഥിതിസംരക്ഷണപ്രതിഞ്ജ ചൊല്ലി. സ്കൂളിന്റെ മുന്നില്‍ വെച്ച ക്യാന്‍വാസില്‍ പ്രകൃതിചൂഷണത്തിന്റെയും പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകതയുടെയും ചിത്രങ്ങള്‍ കുട്ടികള്‍ പകര്‍ത്തി. മരങ്ങള്‍ വെച്ചു പിടിപ്പിക്കല്‍ മാത്രമല്ല പരിസ്ഥിതി,വായു,
മണ്ണ്,ജലം സംരക്ഷണവും മലിനീകരണനിയന്ത്രണവും ഉള്‍പ്പെടുന്നതാണ് പരിസ്ഥിതിദിനം എന്ന് ഓര്‍മ്മപ്പെടുത്തുന്ന പോസ്റ്ററുകള്‍ സ്കൂള്‍ കോമ്പൗണ്ടിനു ചുറ്റും സ്ഥാപിച്ചു.

ആഗസ്ത് 14- കുരുന്നു കരങ്ങള്‍ സമാഹരിച്ച സഹായനിധി കൈമാറി

              പാറക്കടവ് സ്വദേശിയും പൂര്‍വ്വവിദ്യാര്‍ത്ഥികളായ മിഥുനിന്റെയും കിരണിന്റെയും പിതാവുമായ ഗോപാലകൃഷ്ണന്‍ ജൂലൈ മാസം ചെറുപുഴ കമ്പിപാലത്തിനു സമീപത്തുനിന്ന് ആകസ്മികമായി ഒഴുക്കില്‍പ്പെട്ടു മരിക്കുകയുണ്ടായി. നിര്‍ധനകുടുംബത്തില്‍പ്പെട്ട ഗോപാലകൃഷണന്‍ കൂലിവേലചെയ്താണ് കുടുംബംപുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ മര​ണശേഷം വീട്ടുചെലവിനും കുട്ടികളുടെ പഠനത്തിനുംവേണ്ടി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കാന്‍ സ്കൂളിലെ കുട്ടികള്‍ മുന്നോട്ടുവന്നു.
               കുട്ടികള്‍ക്ക് വിഷുകൈനീട്ടമായും മിഠായിവാങ്ങാനുമൊക്കെ നല്‍കിയ തുകകള്‍ സമാഹരിച്ചുവച്ചതില്‍ന്നിന് ഓരോരുത്തരും ചെറിയതുകകള്‍ ഇതിലേക്ക് സംഭാവനചെയ്തു.സമൂഹത്തിന് ചെറുതെന്നു തോന്നുമെങ്കിലും കുരുന്നുകരങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ലഭിച്ച തുക ഒരു എല്‍ പി സ്കൂളിനെ സബന്ധിച്ചിടത്തോളം വലിയൊരുതുകയാണ്. അധ്യാപകരും പി ടി എ പ്രസിഡന്റും കുട്ടികളും ചേര്‍ന്ന് കിരണിന്റെയും മിഥുനിന്റെയും കുടുംബത്തിന് തുക കൈമാറി.  
 

ആഗസ്ത് 22 പ്രവൃത്തിപരിചയദിനം

         ലോകനാട്ടറിവുദിനമായ ഇന്ന് നാം മണ്‍മറഞ്ഞുപോകുന്ന നാട്ടറിവുകളെ മാത്രമല്ല ഓര്‍മ്മിക്കുന്നത്, അന്യംനിന്നുപോകുന്ന കരകൗശലവസ്തുക്കളുടെ നിര്‍മ്മാണത്തെ കൂടിയാണ്. പാറക്കടവ് എല്‍ പി സ്കൂളില്‍ കുട്ടികള്‍ നാളിതുവരെ ചെയ്ത പ്രവര്‍ത്തനവും നാട്ടറിവുകളുടെയും പ്രാദേശികഭാഷ ശേഖരണത്തിന്റെ പ്രദര്‍ശനവും നടന്നു.           



Tuesday 19 August 2014

ഹിരോഷിമ നാഗസാക്കി ദിനാചരണം

ഹിരോഷിമ-നാഗസാക്കി ദിനാചരണം

 

ആഗസ്ത് 6ന് ഹിരോഷിമ-നാഗസാക്കി ദിനാചരണം MPTA President പ്രമീള സത്യന്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ കണ്ണുകളെ ഈറന​ണിയിച്ചുകൊണ്ടിരിക്കുന്ന യുദ്ധക്കെടുതികളുടെ ചിത്രപ്രദര്‍ശനവും നടക്കുകയുണ്ടായി. പരിപാടിയില്‍ MPTA അംഗങ്ങളായ മഞ്ജുഷ സുഗതന്‍, ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

അക്ഷരങ്ങളുടെ വീട്

അക്ഷരങ്ങളുടെ വീട് പദ്ധതിയുടെ ഭാഗമായുള്ള പുസ്തകവിതരണവേളയില്‍ നിന്ന്
ആയന്നൂര്‍ യുവശക്തി പബ്ലിക് ലൈബ്രറിയും നല്ലപാഠവുമായിചേര്‍ന്ന് സ്കൂളിലൊരു ലൈബ്രറി "അക്ഷരവീട്" എന്ന പേരില്‍ ആരംഭിച്ചു.ആഗസ്ത് 8 ന് ഉച്ചക്ക് 2 മണിക്ക്  താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ടി വി കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  യുവശക്തി പബ്ലിക്ക് ലൈബ്രറി സെക്രട്ടറി ഗോവിന്ദന്‍, മലയാളമനോരമ ഏജന്‍റ് പി ഡി വിനോദ്,ബിജു മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് സ്കൂളില്‍ വന്ന് പുസ്തകം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ വായിക്കുന്ന പുസ്തകങ്ങളുടെ വായനാക്കുറിപ്പെഴുതാനും അവസരം നല്‍കുന്നുണ്ട്.

അലോകിന്റെ വീടൊരു സ്കൂളായി അവന്റെ മനസ്സൊരു പൂന്തോട്ടവും

        

സെറിബ്രല്‍ പാല്‍സിയും ശാരീരികവൈകല്യവുമായി വീട്ടില്‍ കഴിയുന്ന നാലാം ക്ലാസ്സുകാരനായ അലോകിന്റെ അടുത്തേക്ക് സഹപാഠികള്‍ ചെന്നു. നിറപുഞ്ചിരിയോടെ കൂട്ടുകാരെ സ്വീകരിച്ച് അലോകും നാലാം ക്ലാസ്സുകാരനായി. ഞങ്ങളുടെ പ്രിയങ്കരനായ ഹെഡ്മാസ്റ്റര്‍ ചന്ദ്രമോഹന്‍മാസ്റ്ററുടെ മരണത്തോടെ നിന്നുപോയ ഒരു പരിപാടിയാണ് ജൂലൈ23മുതല്‍ പുനരാരംഭിച്ചത്. എല്ലാ ബുധനാഴ്ചയും അധ്യാപകനും കുട്ടികളും കൂടി അലോകിന്റെ വീട്ടിലേക്ക് പോയി 2മണിക്കൂറോളം അവനുമായി പാഠഭാഗങ്ങള്‍ പങ്കുവെക്കുവാനും ഞങ്ങള്‍ക്ക് പ്രചോദനവും കൈത്താങ്ങുമായത് മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയാണ്.

ജൂണ്‍ 19 വായനാദിനം

            രാവിലെ സ്കൂളില്‍ അസംബ്ലി ചേര്‍ന്ന് പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. കുഞ്ഞുണ്ണിമാഷിന്റ "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും എന്ന ഉദ്ധരണിയെ അനുസ്മരിച്ചുകൊണ്ടായിരുന്നു ബിജു മാസ്റ്റര്‍ ലഘുപ്രസംഗം ആരംഭിച്ചത്. വായനാവാരത്തിനു തുടക്കം കുറിച്ചുകൊണ്ട് ക്ലാസ്സ് മുറികളില്‍ ബാലസാഹിത്യകൃതികള്‍ വായിക്കാനും വായിച്ചവ അവതരിപ്പിക്കാനും വായിച്ചുകേള്‍ക്കാനുമുള്ള അവസരം നല്‍കി. 3,4 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വായനാക്കുറിപ്പ് രചനാമത്സരവും നടത്തി.

അമ്മ വായന

വായനാദിനത്തോടനുബന്ധിച്ച് അമ്മമാരില്‍ വായനാശീലം വളര്‍ത്തുവാനും അത് കുട്ടികളില്‍ വായനാശീലം വളരുവാനുള്ള പ്രേരണയാകുവാനും വേണ്ടി 'അമ്മവായന' എന്ന പദ്ധതി രൂപീകരിച്ചു. അതിനോടനുബന്ധിച്ച് വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പ്രചിക്കാനും അതിനായി വായനാക്കുറിപ്പ്രചനാമത്സരവും സംഘടിപ്പിച്ചു.

Wednesday 13 August 2014

അമ്മ വായന- വായനാക്കുറിപ്പ് രചനാമത്സരം

ജൂണ്‍ 19വായനാദിനത്തോടനുബന്ധിച്ച് അമ്മമാര്‍ക്കായി വായനാക്കുറിപ്പ് രചനാമത്സരം സംഘടിപ്പിക്കുകയുണ്ടായി. അമ്മമാരില്‍ വായനാശീലം വര്‍ദ്ധിപ്പിക്കുക,കുട്ടികള്‍ക്ക് വായനയില്‍ പ്രചോദനം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച മത്സരത്തിന്റെ ഒന്നാം ഘട്ടത്തില്‍ റ്റെജി റോയി ഒന്നാം സ്ഥാനവും ശ്രീജവിനു രണ്ടാം സ്ഥാനവും നേടി. ശാലിനി, ഷീബ,ഷിജി,സ്മിന്ദു തുടങ്ങിയവര്‍ പ്രോത്സാഹനസമ്മാനത്തിനും അര്‍ഹരായി.

Tuesday 12 August 2014

ടാഗ് വിതരണം നടത്തി.

പുത്തന്‍ ടാഗിന്റെ മധുരം നുണഞ്ഞ്
 സ്കൂള്‍ കുട്ടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ആഗസ്ത് 6ന് നടന്നു. വിതരണോദ്ഘാടനം MPTA President പ്രമീള സത്യന്‍ നിര്‍വ്വഹിച്ചു.സെറിബ്രല്‍ പാല്‍സിയും ശാരീരികവൈകല്യവുമായി വീട്ടില്‍കഴിയുന്ന അലോക് മനോജിന് തിരിച്ചറിയല്‍ കാര്‍ഡ് സഹപാഠികളായ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തിച്ചുകൊടുത്തു. തിരിച്ചറിയല്‍ കാര്‍ഡു നെഞ്ചോടുചേര്‍ത്തു ഇരിക്കുന്ന അലോകിന്റെ കണ്ണുകളിലെ തിളക്കം ആരുടെയും മനസ്സില്‍നിന്നു മാഞ്ഞുപോകുകയില്ല.

Wednesday 6 August 2014

അക്ഷരങ്ങളിലെ തേനും മധുരവും നുകര്‍ന്ന് സാക്ഷരം-14ന് തുടക്കം കുറിച്ചു.

       ഭാഷയിലെ അടിസ്ഥാനശേഷികൾ കുട്ടികൾ ആർജ്ജിക്കത്തക്ക വിധത്തിൽ ക്ലാസ്സ്‌ മുറിക്കകത്തും പുറത്തും നിരവധി പഠനപ്രവർത്തനങ്ങൾ നാം നല്കുന്നുണ്ടെങ്കിലും ചുരുക്കം ചില കുട്ടികൾക്കെങ്കിലും അടിസ്ഥാനശേഷികൾ വേണ്ടത്ര ലഭ്യമയിട്ടില്ലയെന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്.  ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഡയറ്റ് 'സാക്ഷരം' എന്ന പരിപാടിക്ക് തുടക്കം കുറിച്ചത് .

       3 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളിൽ നിന്ന് പ്രീ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത അടിസ്ഥാനശേഷിയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് 55 ദിവസം നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണ് സാക്ഷരം.

      പാറക്കടവ് എ എൽ പി സ്കൂളിൽ രാവിലെ 10 മണിക്ക് സ്കൂൾതല സാക്ഷരം പരിപാടി പി ടി എ പ്രസിഡന്റ്‌ സജി ജോർജ് ഇ ജി എസ്സ് ഉദ്ഘാടനംചെയ്യ്തു. ശ്രീമതി മഞ്ജുഷ സുഗതൻ,(എം പി ടി എ ), ശ്രീ കെ ഗോവിന്ദൻ (ഗ്രന്ഥശാല സെക്രട്ടറി), പി ടി എ, എം പി ടി എ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Tuesday 5 August 2014

തിരിഞ്ഞുനടത്തം

പാറക്കടവ്  എ എൽ  പി സ്കൂള്‍ സ്ഥാപിതമായത് 1968 ലാണ് .ശ്രീ  രാമന്‍ നമ്പ്യാര്‍  ആയിരുന്നു സ്കൂളിന്റെ  ആദ്യകാല  മാനേജര്‍ .പിന്നീട്  ശ്രീ  കെ . എം .ശങ്കരന്‍  നമ്പീശന്റെ  പേരിലേക്ക്  സ്കൂള്‍  മാനേജ്‌മന്റ്‌  മാറ്റപ്പെട്ടു . അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ ശ്രീമതി ടി .എം കല്യാണിയമ്മ മാനേജരായി തീരുകയും ചെയ്തു .സ്കൂളിന്റെ ആരംഭം മുതല്‍ 1999 വരെ ശ്രീ ടി .ജെ .ജോസഫ്‌ മാസ്റ്റര്‍ ആയിരുന്നു ഹെഡ്മാസ്റ്റര്‍ .തുടര്‍ന്ന് 1999 മുതല്‍ 2002 വരെ ശ്രീമതി കെ .വി .ലീല ടീച്ചര്‍ ഹെഡ് മിസ്ട്രെസ്സ് .2002 മുതല്‍ ശ്രീ കെ .എം .ചന്ദ്രമോഹന്‍ മാസ്റ്റര്‍ ആയിരുന്നു ഹെഡ് മാസ്റ്റര്‍ .2013 ഡിസംബര്‍ 21 ന് അദ്ദേഹം ആകസ്മികമായി മരണപ്പെടുകയും ഹെഡ് മിസ്ട്രെസ്സായി ശ്രീമതി ടി .എം .സുനന്ദ ടീച്ചര്‍ ചുമതലയെല്‍ക്കുകയും ചെയ്തു .
നാളിതുവരെയുള്ള സ്കൂളിന്റെ പഠനപാഠ്യേതര പ്രവര്‍ത്തനങ്ങള്‍, ഭൗതിക സാഹചര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിലും സ്കൂളില്‍ സേവനമനുഷ്ഠിച്ച മുഴുവന്‍ ഹെഡ് മാസ്റ്റര്‍മാരും അധ്യാപകരും മാനേജ്മെന്റും പി ടി എ  അംഗങ്ങളും വഹിച്ച പങ്ക്   അവിസ്മരണീയമാണ് . ശ്രീമതി ടി .എം സുനന്ദ ടീച്ചര്‍ക്ക്  പുറമെ ശ്രീ ബിജു മാത്യു , ശ്രീമതി വിനീത പി,  ശ്രീമതി മോനിഷ എം എന്നിവര്‍ ഇവിടെ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു .
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ XII വാർഡില്‍ സ്ഥിതിചെയ്യുന്ന പാറക്കടവ്  എ എല്‍ പി സ്കൂളില്‍ സമീപ പ്രേദേശങ്ങളായ കൊല്ലാട, ആയന്നൂര്‍ ,അരിമ്പ ,കണ്ണിക്കുന്ന് ,വെള്ളരിക്കുണ്ട് തവളക്കുണ്ട്  എന്നിവിടങ്ങളിലെ കുട്ടികളാണ് പഠിക്കുന്നത് . പാറക്കടവും അതിനു ചുറ്റുമുള്ള പ്രേദേശങ്ങളും ഒരു കുടിയേറ്റ മേഖലയാണ്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്  ഈ നാട്ടിലെ ജനങ്ങള്‍. നാട്ടുകാരുടെയും പി ടി എ യുടെയും പരിപൂര്‍ണ്ണ സഹകരണത്തോടെ ഈ വിദ്യാലയം നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
                                നേട്ടങ്ങള്‍
2013 -14 അധ്യായനവര്‍ഷത്തിലെ കലാ-കായിക-പ്രവര്‍ത്തിപരിചയമേളകളില്‍ സബ് ജില്ല-ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുവാനും വിജയം നേടാനും സ്കൂളിനു കഴിഞ്ഞു.ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളില്‍ 16 കുട്ടികള്‍ക്കാണ് LSS ലഭിച്ചത്.അതില്‍ 2 എണ്ണം പാറക്കടവ് സ്കൂളിനു ലഭിച്ചുവെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.
കമ്പ്യൂട്ടര്‍ലാബ്, ഇന്റെര്‍നെറ്റ് സൗകര്യം, ചുറ്റുമതില്‍ തുടങ്ങി ഇനിയും ഭൗതികസൗകര്യങ്ങള്‍ സ്കൂളിന് ആവശ്യമായുണ്ട്. SSAയുടെയും തദ്ദേശസ്വയംഭരണ വകുപ്പുകളുടെയും ശക്തമായ ഇടപെടലുകളുണ്ടായാല്‍ നാളിതുവരെയായി നേടിയിട്ടുള്ളതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ വരും വര്‍ഷങ്ങളിലും സ്കൂളിനു കൈവരിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമുണ്ട്.      

Friday 1 August 2014

L S S വിജയികള്‍


                               അഭിമാനതാരങ്ങൾ
അനീറ്റ തോമസ്, അനുശ്രീ കെ വി